പാമ്പുകടി: കനിവ് 108 സേവനം ജീവൻ രക്ഷയ്ക്ക് കരുതലായി


സംസ്ഥാനത്ത് പാമ്പുകടിയേറ്റവർക്കായി അടിയന്തര ചികിത്സ ഉറപ്പാക്കാൻ കനിവ് 108 ആംബുലൻസ് സേവനം കൂടുതൽ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പാമ്പുകടിയേറ്റാൽ ഉടൻ 108-ൽ വിളിച്ചാൽ ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളിലേക്ക് രോഗിയെ സുരക്ഷിതമായി എത്തിക്കാനാകും. പരിചയസമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ വഴി പ്രഥമ ശുശ്രൂഷയും യാത്രാമധ്യേ നിരീക്ഷണവും ലഭ്യമാക്കും. നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണെന്നും സ്റ്റോക്ക് ഉറപ്പാക്കിയ ശേഷമേ രോഗിയെ ആശുപത്രിയിലെത്തിക്കൂ എന്നും അധികൃതർ വ്യക്തമാക്കി. രോഗി എത്തുന്നതിന് മുമ്പ് ആശുപത്രിയെ വിവരം അറിയിക്കാനും 108 സംഘത്തിന് കഴിയും. പാമ്പുകടിയേറ്റാൽ ഭയപ്പെടാതെ രോഗിയെ ശാന്തനാക്കുകയും അനാവശ്യ ചലനം ഒഴിവാക്കുകയും വേണം. കടിയേറ്റ ഭാഗം മുറുക്കിക്കെട്ടരുതെന്നും രോഗിയെ നടക്കാൻ അനുവദിക്കാതെ സ്ട്രച്ചറിൽ ആശുപത്രിയിലെത്തിക്കണമെന്നും നിർദേശം നൽകി. സമയോചിത ചികിത്സ ജീവൻ രക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് ആവർത്തിച്ചു.


ചൂട് സാഹചര്യത്തിൽ കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ എത്തിക്കരുത്

സംസ്ഥാനത്തെ കടുത്ത ചൂട് സാഹചര്യം പരിഗണിച്ച് കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ എത്തിക്കരുതെന്ന് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. കാലാവസ്ഥ അനുകൂലമാകുന്നത് വരെ കുട്ടികൾക്ക് ഹാജർ നിർബന്ധമല്ലെന്നും, വരാതിരിക്കുന്ന കുട്ടികൾക്ക് അർഹമായ പോഷകാഹാരം വീടുകളിൽ എത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.

വായുസഞ്ചാരമില്ലാത്തതും ടിൻഷീറ്റ് മേൽക്കൂരയുള്ളതുമായ അങ്കണവാടികൾ പ്രവർത്തിക്കുന്നില്ലെന്ന് വനിതാ-ശിശു വികസന വകുപ്പ് ഉറപ്പാക്കണം. ഉച്ചയ്ക്ക് 11 മുതൽ 3 വരെ കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കരുതെന്നും, രാവിലെയോ വൈകുന്നേരമോ മാത്രമായി പ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്നും നിർദേശിച്ചു. എല്ലാ അങ്കണവാടികളിലും ശുദ്ധജലവും ഭക്ഷണവും സുരക്ഷാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രത്യേക ജാഗ്രത വേണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ 15 ദിവസത്തിനകം നടപടിരിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ അറിയിച്ചു. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ള ഈ തീരുമാനം രക്ഷിതാക്കൾക്കും ആശ്വാസമായി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍