സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.
തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതം, ക്ഷീണം, തലവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗികളായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുറത്ത് ജോലി ചെയ്യുന്നവര്‍ ജോലി സമയം രാവിലെ അല്ലെങ്കില്‍ വൈകുന്നേരം ക്രമീകരിക്കുന്നത് നല്ലതാണ്.
ദാഹം തോന്നാത്തപ്പോഴും ധാരാളം വെള്ളം കുടിക്കണം. മോര്‍, നാരങ്ങാവെള്ളം പോലുള്ള പാനീയങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. പുറത്ത് പോകുമ്പോള്‍ കുട, തൊപ്പി, സണ്‍സ്‌ക്രീന്‍ എന്നിവ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
ചൂട് മൂലമുള്ള രോഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകളും സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ ചികിത്സ തേടണമെന്നും അധികൃതര്‍ അറിയിച്ചു.

0 അഭിപ്രായങ്ങള്‍