ഗാസയിൽ യുദ്ധം തുടരുന്നതിനിടെ സ്വയം പ്രഖ്യാപിത രാഷ്ട്രമായ “സോമാലിലാൻഡ്” ‘ഇസ്രയേലിലേക്ക്’ ആദ്യ അംബാസഡറെ നിയമിച്ചതായി റിപ്പോർട്ട്. മുഹമ്മദ് ഹാഗിയാണ് പുതിയ അംബാസഡറായി ചുമതലയേറ്റത്. ‘ഇസ്രയേൽ’ പ്രസിഡന്റ് Isaac Herzog ന് അദ്ദേഹം ഔദ്യോഗികമായി രേഖകൾ സമർപ്പിച്ചതോടെയാണ് നിയമനം പ്രാബല്യത്തിൽ വന്നത്.
1991-ൽ സോമാലിയയിൽ നിന്ന് വേർപെട്ട സോമാലിലാൻഡിന് ഇതുവരെ വ്യാപകമായ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടില്ല. എന്നിരുന്നാലും, 2025 ഡിസംബറിൽ ‘ഇസ്രയേൽ’ സോമാലിലാൻഡിന്റെ സ്വാതന്ത്ര്യം അംഗീകരിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അംബാസഡർ നിയമനം ശ്രദ്ധ നേടുന്നത്.
ഗാസയിൽ തുടരുന്ന ആക്രമണങ്ങൾക്കും മനുഷ്യാവകാശ പ്രതിസന്ധിക്കും ഇടയിലാണ് ഈ നയതന്ത്ര നീക്കം നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സമയക്രമം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ചില നിരീക്ഷകർ ഇത് ‘ഇസ്രയേലിന്റെ’ ഹോൺ ഓഫ് ആഫ്രിക്ക മേഖലയിലെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നു.
സോമാലിയയും പല അറബ് രാഷ്ട്രങ്ങളും ഈ ബന്ധത്തെ വിമർശിച്ചിട്ടുണ്ട്. ഗാസയിൽ നിന്ന് പലസ്തീനികളെ മാറ്റിപ്പാർപ്പിക്കാൻ സോമാലിലാൻഡ് ഉപയോഗിക്കാമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ ‘ഇസ്രയേലും’ സോമാലിലാൻഡും നിഷേധിച്ചിട്ടുണ്ട്.
അതേസമയം, പുതിയ നയതന്ത്ര ബന്ധം മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ വഴിത്തിരിവാകുമെന്ന വിലയിരുത്തലും ശക്തമാണ്. ഗാസ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഈ നീക്കത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ലഭിക്കുന്നത്.

0 അഭിപ്രായങ്ങള്‍